കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിച്ചു . കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഇന്നലെ തീര്‍പ്പാക്കുകയായിരുന്നു.
കൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിപരാധിയാണെന്ന് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പ്രതികരിച്ചിരുന്നു. കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത്. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചിരുന്നു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പൊലീസ് ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത് 2021ലാണ്. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്ച്ചിരുന്നു. എന്നാല്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിവാഹ മോചനം വരുന്നത്. ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസില്‍ പ്രതിയാക്കാനായി വ്യാജ മൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും വിവാഹിതരാകുന്നത്.







