ഏത് സാഹചര്യത്തിലും പോണ്‍ തിരയുന്ന ഉദ്ധരിച്ച ലിംഗങ്ങള്‍ എന്നത് മാത്രമാണ് നിങ്ങളുടെയൊക്കെ അസ്തിത്വം.ഷാഹിന കെകെയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഒരു യുവ കോണ്‍ഗ്രസ്സ് നേതാവ് ലൈംഗിക പീഡനം നടത്തി എന്ന ഒരാരോപണം ഇടത് പക്ഷ ഹാന്‍ഡിലുകള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അയാളുടെ പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെയാണ് പലരും ആരോപണം ഉന്നയിക്കുന്നത്. പരിഹാസവും അശ്ലീലവും കുത്തി നിറച്ച പോസ്റ്റുകളും വീഡിയോകളും കമന്റുകളും കൊണ്ട് ആഘോഷമാണ്. ഈ ആണ്‍കൂട്ടത്തോട് ഒന്നേ പറയാനുള്ളൂ.

നിങ്ങളൊക്കെയാണ് ഇടത് പക്ഷം എങ്കില്‍ ഞാന്‍ അതല്ല. താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ആ സ്ത്രീ തന്നെയാണ്. അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍, പരാതിയുമായി മുന്നോട്ട് വരാനും നിയമപരമോ നിയമ ബാഹ്യമോ ആയ പരിഹാരങ്ങള്‍ തേടാനും ഉള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാവേണ്ടതാണ്. അപ്പുറത്ത് നില്‍ക്കുന്നത് രാഷ്ട്രീയ എതിരാളി ആണെന്ന ഒറ്റ കാരണത്താല്‍ അശ്ലീലം കുത്തി നിറച്ച പോസ്റ്റുകളും വീഡിയോകളുമായി, അവരെ ഭയപ്പെടുത്തി, പരാതിയുമായി മുന്നോട്ട് വരാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന പണിയാണ്, സൈബര്‍ സ്പേസിലെ ഇടത് പക്ഷം എന്നവകാശ പ്പെടുന്നവര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആ കോണ്‍ഗ്രസ്സ് നേതാവിനെ സഹായിക്കുന്ന പണിയാണ് ഇവര്‍ എടുത്തു കൊണ്ടിരിക്കുന്നത്. . പക്ഷേ ഇവരൊക്കെ സ്വയം കരുതുന്നത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത യുവനേതാവിനെ നമ്മളങ്ങ് സംഹരിച്ചു കളഞ്ഞു എന്നാണ്. സത്യം പറഞ്ഞാല്‍ ഇത്തരം വിഷയങ്ങളില്‍ ആണുങ്ങള്‍ക്ക് അങ്ങനെ രാഷ്ട്രീയമൊന്നുമില്ല. ഒരു സ്ത്രീ പരാതിയുമായി പുറത്ത് വരില്ല എന്നുറപ്പ് വരുത്തുന്ന പണി അവരെടുക്കും. ആ അര്‍ത്ഥത്തില്‍ ഈ ആണ്‍കൂട്ടം മുഴുവന്‍ വെറും വലത് പക്ഷമാണ്. അവിടെ ചെന്ന് കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളും.

രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീയെ കാണാന്‍ കഴിയാത്ത വിധം, അവരെ വെറുമൊരു ടൂള്‍ ആയി മാത്രം കാണാന്‍ കഴിയുന്ന വിധം, അവരുടെ നേരെ അശ്ലീല ചിരി ചിരിക്കാന്‍ കഴിയുന്ന വിധം എമ്പതി ഇല്ലാത്തവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ വെറും വലത് പക്ഷ ആണ്‍കൂട്ടമാണ്. ആ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല. ഇടത് പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നും എനിക്കറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍, ഈ പോസ്റ്റ് അവര്‍ കാണുന്നുണ്ടെങ്കില്‍ എനിക്ക് അവരോട് ഒന്നേ പറയാന്‍ ഉള്ളൂ. നിങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതിനെതിരെ പോരാടാനുള്ള കരുത്ത് നിങ്ങള്‍ക്ക് ഉണ്ടാവട്ടെ.

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ നിങ്ങളെ കരുവാക്കുന്ന ഈ അശ്ലീല ആണ്‍കൂട്ടത്തെ മറി കടന്ന് മുന്നോട്ട് പോകാനും നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്ക് വേണ്ട നീതി എന്താണെങ്കിലും അതിനൊപ്പം നില്‍ക്കാന്‍ എന്നെ പോലെ ഒരു പാട് മനുഷ്യരുണ്ട് എന്ന് മനസ്സിലാക്കി സമാധാനമായി ഇരിക്കൂ. ഇനി, ഇതൊന്നുമല്ല, ഉഭയ സമ്മത പ്രകാരമുള്ള ഒരു ബന്ധമാണ് അതെങ്കില്‍, ആരോപിക്കുന്ന തരത്തിലുള്ള ഒരു കുറ്റകൃത്യം നടന്നിട്ടില്ലെങ്കില്‍, ആര്‍ക്കാണ് ഇവിടെ പ്രശ്‌നം?

ആ കോണ്‍ഗ്രസ്സ് നേതാവിന്റെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് പരിഹാസം ചൊരിയുന്ന ഇടത് പ്രൊഫൈലുകള്‍ എത്ര വലിയ അശ്ലീല കാഴ്ചയാണ്! നിങ്ങളോളം വലത് പക്ഷം ആരാണ് ഉള്ളത് ഈ നാട്ടില്‍? അതിനിടെ, ആ യുവ നേതാവിനോപ്പം നേരത്തെ ചെയ്തിട്ടുള്ള ടെലിവിഷന്‍ പരിപാടികളില്‍ അയാളോടൊപ്പം വരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആഭാസച്ചിരി ചിരിക്കുന്നവരെയും കണ്ടു.

ഏത് സന്ദര്‍ഭത്തിലും അവരവരുടെ ലൈംഗിക ദാരിദ്ര്യം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല എന്നുറപ്പ് വരുത്തുന്നുണ്ടല്ലോ. ഏത് സാഹചര്യത്തിലും പോണ്‍ തിരയുന്ന ഉദ്ധരിച്ച ലിംഗങ്ങള്‍ എന്നത് മാത്രമാണ് നിങ്ങളുടെയൊക്കെ അസ്തിത്വം. അതിന് മുകളില്‍ ഉള്ളതൊക്കെ വെറും പുറം പൂച്ചാണ്. ഇടത് പക്ഷ രാഷ്ട്രീയത്തിന് ഇത് കൊണ്ടൊക്കെ ഉണ്ടാകുന്ന പരിക്ക് നിങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. കാരണം അന്നന്നത്തെ വൈകാരിക വിരേചനം മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. അത് കിട്ടിക്കഴിഞ്ഞാല്‍ രണ്ടെണ്ണം അടിച്ച് പോയി കിടന്നുറങ്ങുന്ന വെറും അരാഷ്ട്രീയ ആണ്‍കൂട്ടം മാത്രമാണ് നിങ്ങള്‍.